കൊച്ചി : സ്ത്രീകൾക്ക് ആർത്തവ കപ്പ് വിതരണം ചെയ്യുന്ന പദ്ധതി ആവിഷ്കരിക്കുകയും, അതിലേക്ക് തുക അനുവദിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താവാനൊരുങ്ങി എറണാകുളം ജില്ലയിലെ പാലക്കുഴ പഞ്ചായത്ത്.
സാനിട്ടറി പാഡുകൾ വാങ്ങാൻ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി സ്ത്രീകൾ പഞ്ചായത്തിൽ ഉള്ളതിനാലും, ശരിയായ രീതിയിലുള്ള സംസ്കരണം നടക്കാത്തത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയരുന്നത് കൊണ്ടുമാണ് വിവേകപൂർണ്ണമായ ആശയത്തിലേക്ക് പഞ്ചായത്ത് നീങ്ങിയത്. പ്രതിമാസം 350 രൂപ മുതൽ 500 രൂപ വരെ സാനിറ്ററി പാഡുകൾക്കായി മാത്രം മാറ്റി വക്കുന്ന സാധാരണക്കാരായ സ്ത്രീകൾ പഞ്ചായത്തിൽ ഉണ്ടെന്നും, പ്രസിഡന്റ് കെ.എ.ജയ പറഞ്ഞു.
കുടുംബശ്രീ കേന്ദ്രത്തിന്റെയും, ജെൻഡർ റിസോഴ്സ് സെന്ററിന്റെയും സഹകരണത്തോടെ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് 26,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 100 സ്ത്രീകൾക്ക് കപ്പ് വിതരണം ചെയ്യും. ഇതിനെക്കുറിച്ചുള്ള ആശങ്കകൾ മാറ്റുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിലേക്ക് ഇതിനോടകം 80 ഓളം സ്ത്രീകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി ഓരോ വീടുകളും കയറി ഇറങ്ങിയുള്ള ബോധവൽക്കരണവും പഞ്ചായത്തിന്റെ പദ്ധതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക