നടി നവ്യാ നായര്‍ ബിജെപി സംഘടിപ്പിച്ച ‘യുവം 2023’ പരിപാടിയില്‍ പങ്കെടുത്തത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
നിരവധി ട്രോളുകളും പഴയ അഭിമുഖങ്ങളുമെല്ലാം കുത്തിപ്പൊക്കി താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്.
ഇതിനെല്ലാം ‘അഭിമാനിക്കുന്നു’ എന്ന ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയില്‍ നില്ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം നിലപാട് വ്യത്യമാക്കിയത്. ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് താരം കുറിച്ചു.
പരിപാടിയില്‍ നവ്യ നൃത്തം അവതരിപ്പിച്ചതും മോദിക്കൊപ്പം ചിത്രങ്ങളെടുത്തതും വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നിരവധി ട്രോളുകളും താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം കോണ്‍ക്ലേവില്‍ നവ്യ നായര്‍ക്കൊപ്പം ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി, നടന് ഉണ്ണി മുകുന്ദന്, നടനും ഗായകനുമായ വിജയ് യേശുദാസ്, നടി അപര്‍ണ ബാലമുരളി, ഗായകന് ഹരിശങ്കര്‍ തുടങ്ങിയവരുമെത്തിയിരുന്നു. പ്രധാനമന്ത്രി വേദിയിലെത്തുന്നതിനു മുന്നോടിയായിരുന്നു നവ്യ നായരുടെ നൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക