തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ ജന്മ ദിനം ആഘോഷമാക്കി ആരാധകനായ ഹോട്ടലുടമ. ആരാധകൻ അജിത്തിന്റെ 52-ാം പിറന്നാൾ ആഘോഷിച്ചത് തന്റെ ഹോട്ടലിൽ പാചകം ചെയ്ത പൊറോട്ടയും ബിരിയാണിയും ഒരു രൂപയ്ക്ക് നൽകിയാണ്.
ചിന്നമന്നൂരിൽ വീരം എന്ന പേരിൽ റെസ്റ്റോറന്റ് നടത്തുന്ന കാളിദാസ് ആണ് അജിത്തിന്റെ പിറന്നാൾ 1 രൂപയ്ക്ക് ആഹാരം നൽകി ഗംഭീരമായി ആഘോഷിച്ചത്. ഒരു രൂപ നല്കി ബിരിയാണിയും പൊറോട്ടയും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയതോടെ റെസ്റ്റോറന്റിൽ തിരക്കായി. അജിത്തിന്റെ ജന്മദിനമായ മെയ് ഒന്നിന് ജനിച്ച 52 പേർക്ക് കേകുകളും വിതരണം ചെയ്തു. കുട്ടികളിലെ കൃഷി ശീലം വളർത്തുന്നതിനായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
അജിത് നായകനായി അഭിനയിക്കുന്ന തദ്വു എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് സിനിമ കണ്ട് വരുന്നവർക്ക് ഭക്ഷണത്തിന് 50 ശതമാനം കിഴിവും കാളിദാസ് റെസ്റ്റോറന്റിൽ നൽകിയിട്ടുണ്ട്. ഇളവ് ലഭിക്കണമെങ്കിൽ സിനിമ ടികറ്റ് കൗണ്ടറിൽ ഏൽപ്പിക്കണമെന്നു മാത്രമായിരുന്നു നിബന്ധന. അജിത്തിന്റെ 61-ാം ചിത്രമായ തുനിവിന്റെ വിജയത്തിനായി റെസ്റ്റോറന്റിൽ നിന്നും 61 രൂപയ്ക്ക് മുകളിൽ ഭക്ഷണം കഴിക്കുന്നവർക്ക് സമ്മാന കൂപ്പൺ നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക