കോട്ടയം: കോട്ടയം കണമലയിൽ രണ്ടു പേരെ ആക്രമിച്ച് കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്.
രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വഴിയരികിലെ വീട്ടിനുമുന്നിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
പിന്നാലെ, തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് വെടിവയ്ക്കാൻ അടിയന്തര നിർദേശം നൽകിയത്. കാട്ടുപോത്ത് ഓടിപ്പോകുന്നതിന്റെ സിസി ടി വി ദൃശ്യൾ പുറത്ത് വന്നു
കൊല്ലം ആയൂരിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽ നിന്ന് നാട്ടിലെത്തിയത്. രാവിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക