മധ്യപ്രദേശ് ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരമാണ് നാല് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നി എന്ന ആൺ ചീറ്റയ്ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ കെഎൻപിയിലെ ഫ്രീ ഏരിയയിൽ വച്ചാണ് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഗൗരവും ശൗര്യയും ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നിയും വായുവും പരസ്പരം ഏറ്റുമുട്ടിയതായി കെഎൻപി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പ്രകാശ് കുമാർ വർമ പറഞ്ഞു.
സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് ചീറ്റകളെ തുരത്തിയതെന്നും പ്രകാശ് കുമാർ പറഞ്ഞു. പോരാട്ടത്തിൽ അഗ്നി ചീറ്റയ്ക്ക് പരിക്കേറ്റിട്ടുണ്ട്, ആൺ ചീറ്റ ഇപ്പോൾ ചികിത്സയിലാണ്. അതേസമയം ചീറ്റയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎഫ്ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക