പാലക്കാട് ജില്ലയിലെ പല്ലശ്ശനയിൽ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതു കാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെയും വരന്റെയും തല തമ്മിൽ കൂട്ടിമുട്ടിച്ച ദുരാചാരത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എത്രയും വേഗം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലംകോട് പോലീസിന് വനിതാ കമ്മീഷൻ നിർദ്ദേശവും നൽകിയിട്ടുണ്ട്.
അടുത്തിടെയാണ് പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജിലയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഗൃഹപ്രവേശന സമയത്ത് പിന്നിൽ നിന്ന അയൽവാസി ഇരുവരുടെയും തല തമ്മിൽ ശക്തിയായി കൂട്ടിമുട്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ കൂട്ടിയിടിയിൽ സജില ഞെട്ടുകയും സങ്കടവും ദേഷ്യവും കാരണം കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി പോകുകയുമായിരുന്നു. നിലവിളക്കെടുത്ത് കരഞ്ഞുകൊണ്ട് ഭർതൃ വീട്ടിലേക്ക് കയറേണ്ട അവസ്ഥയായി പോയി എന്നും തനിക്ക് നേരിട്ട് അവസ്ഥ മറ്റാർക്കും വരരുത് എന്നും സജില പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തല തമ്മിൽ മുട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിന് രൂക്ഷമായ വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയർന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക