ഷിംല അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് മലയാള ചലച്ചിത്രം വള്ളിചെരുപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ലോകനിലവാരമുള്ള ചലച്ചിത്രങ്ങളെ മേളയിലെത്തിച്ച് പ്രദർശിപ്പിക്കുന്നത് വഴി ചെറുപ്പക്കാരിൽ പുത്തൻ ചലച്ചിത്രാവബോധം വളർത്തിയെടുക്കാനും അതുവഴി അവരെ സ്വതന്ത്രമായി സിനിമ ചെയ്യാൻ പ്രാപ്തരാക്കുകയും ആണ് മേളയുടെ പ്രധാന ഉദ്ദേശ്യം. ഷിംലയിലെ ചരിത്രപ്രസിദ്ധമായ ഗേയ്റ്റി തീയേറ്ററിലാണ് ആഗസ്റ്റ് 25, 26, 27 തീയതികളിൽ ഒമ്പതാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നത്. ഹിമാലയൻ വെലോസിറ്റി സംഘടിപ്പിക്കുന്ന മേള സംസ്ഥാന ഭാഷ സാംസ്കാരിക വകുപ്പിന്റെയും ടൂറിസം സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെയാണ് നടക്കുന്നത്.
റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ ബിജോയ് കണ്ണൂർ ആണ് വള്ളിച്ചെരുപ്പിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മുത്തച്ഛന്റെയും കൊച്ചുമകനെയും ആത്മബന്ധത്തിന്റെ ആഴവും പരപ്പുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബിജോയ് ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രത്തിൽ കൊച്ചുമകനായ വേഷമിടുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. ചിന്നുശ്രീ വത്സലൻ നായികയാവുന്ന ചിത്രത്തിൽ കൊച്ചു പ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേനൻ, ദിവ്യ ശ്രീധർ, എസ് ആർ ശിവരുദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീഭാരതി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ശ്രീ മുരുകാ മൂവി മേക്കേസിന്റെ ബാനറിൽ സുരേഷ് സിഎൻ ആണ് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക