മുഖത്തിന് നൽകുന്ന ശ്രദ്ധയും പരിചരണവും പോലെ തന്നെ പ്രധാനമാണ് പാദങ്ങളുടെ സംരക്ഷണവും. കാരണം സൗന്ദര്യ ലക്ഷണങ്ങളിൽ പ്രധാനമാണ് സുന്ദരമായ പാദങ്ങൾ. മഴക്കാലത്ത് പാദങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. മഴക്കാലത്ത് നിങ്ങളുടെ കാലുകളുടെ ആരോഗ്യം സംരക്ഷിക്കുവാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
മഴക്കാലത്ത് കാലുകള്‍ എപ്പോഴും നനയുന്നത് പൂര്‍ണമായും ഒഴിവാക്കാനാവില്ല. എന്നാല്‍ ഓരോ യാത്ര കഴിയുമ്പോഴും കാലുകള്‍ കഴുകി വൃത്തിയാക്കുകയും നനവ് തുടച്ചു മാറ്റിയ ശേഷം ഉണക്കി സൂക്ഷിക്കുകയും ചെയ്യണം. കാലുകള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുന്നത് വഴി അലര്‍ജി രോഗങ്ങള്‍ ഒഴിവാക്കാം.
സ്ഥിരമായി ഈര്‍പ്പം തട്ടുന്ന കാലുകള്‍ക്ക് കൃത്യമായ സംരക്ഷണം നല്‍കേണ്ടതുണ്ട്. അലര്‍ജിയും ഫംഗസ് രോഗങ്ങളും ഒഴിവാക്കുന്നതിനായി പാദങ്ങള്‍ നല്ല രീതിയില്‍ വൃത്തിയാക്കുക. ഇതിനായി എല്ലാ ആഴ്ചയിലും ഇളം ചൂടുവെള്ളത്തില്‍ കാലുകള്‍ പത്തോ ഇരുപതോ മിനുട്ട് മുക്കി വെക്കുന്നത് നല്ലതാണ്. ഈ വെള്ളത്തില്‍ കുറച്ച് ഉപ്പും അല്പം ഷാംപൂവും ചേര്‍ത്താല്‍ അത് ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ചര്‍മത്തെ മൃദുവാക്കുന്നതിനും സഹായിക്കുന്നു. ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് അതില്‍ കാലുകള്‍ മുക്കി വെക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.
മഴക്കാലത്ത് കാലിലെ നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടുതല്‍ ഈര്‍പ്പം തട്ടുന്നതിനാല്‍ നീളമുള്ള നഖങ്ങള്‍ അലര്‍ജിക്ക് കാരണമായേക്കും. ഇതുവഴി പലതരം രോഗങ്ങളും ഉണ്ടായേക്കാം. അതിനാല്‍ നഖങ്ങള്‍ എപ്പോഴും വെട്ടി വൃത്തിയാക്കുന്നത് കാല്‍പ്പാദങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്കാന് സഹായിക്കും.
മഴക്കാലത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ചെരുപ്പുകള്‍ തിരഞ്ഞെടുക്കണം. ഈ ചെരുപ്പുകള്‍ വെള്ളം കെട്ടിനില്ക്കുന്നവയാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കാം. പെട്ടന്ന് വെള്ളം വലിയുന്നതും എളുപ്പത്തില്‍ കഴുകി വൃത്തിയാക്കാന്‍ കഴിയുന്നതുമായ ചെരുപ്പുകളാണ് ഉചിതം.
മഴക്കാലത്ത് കാലുകള്‍ നല്ല രീതിയില്‍ കഴുകി വൃത്തിയാക്കി തുടച്ചതിനു ശേഷം ഏതെങ്കിലും നല്ല മോയ്ചറൈസിംഗ് ക്രീം ഉപയോഗിക്കുക. ഇത് കാല്‍പ്പാദങ്ങളിലെ ചര്‍മം കൂടുതല്‍ മൃദുവാക്കുകയും കാലുകള്‍ സുന്ദരമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
നഗ്നപാദരായി നടക്കുന്നത് ഒഴിവാക്കുക. നഗ്നപാദരായി നടക്കുന്നത് ശരിക്കും ആരോഗ്യകരമാണ്, പക്ഷേ മഴക്കാലത്ത് അങ്ങിനെ അല്ല. എല്ലായിടത്തും അഴുക്കും ചെളിയും ഉള്ളതിനാലാണിത്.
ഈ സമയങ്ങളിൽ പെഡിക്യൂർ ഒഴിവാക്കുക. പാർലറുകളിൽ ചെയ്യുന്ന പെഡിക്യൂർ പലപ്പോഴും കാലിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. മഴക്കാലത്ത് അതുകൊണ്ടുതന്നെ ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലത്ത് തണുത്ത തറയിലോ നനഞ്ഞ പുല്ലിലോ നഗ്നപാദരായി നടക്കുന്നത് തെറ്റാണ്. ചെരിപ്പിടാതെ നടക്കുന്നത് അരിമ്പാറ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു, കൂടാതെ പാദങ്ങളെ ബാക്ടീരിയ, ഫംഗസ് അണുബാധകൾക്കുള്ള വളക്കൂറുള്ള സ്ഥലമാക്കി മാറ്റുന്നു. ഇത് പിന്നീട് ചികിത്സിക്കാൻ പ്രയാസമാണ്.
നെയിൽ പോളിഷ് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ബേസ് കോട്ട് ഉപയോഗിച്ച് നഖങ്ങൾക്ക് കൂടുതൽ പരിചരണം നൽകുക. കാരണം ഇത് സംരക്ഷിത പാളി ചേർക്കുകയും നഖങ്ങൾ ദുർബലമാകുന്നത് തടയുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ നെയിൽ പോളിഷ് നീക്കം ചെയ്യുമ്പോൾ, നിങ്ങളുടെ നഖങ്ങളുടെയും ക്യൂട്ടിക്കിളുകളുടെയും ഉപരിതലം മിനുസമാർന്നതാക്കാൻ നല്ല നിലവാരമുള്ള നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക