പാലക്കാട് : വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ തയാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്. ഗൂഗിളിന്റെ സഹായത്തോടെയാണ് ഇതിന്റെ പകർപ്പ് എടുത്ത കട കണ്ടെത്തിയത്.
ഫോണിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്ന് വിദ്യ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവു ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാൽ മറ്റു വിവരങ്ങൾ കിട്ടിയില്ല. ഇതെ തുടർന്ന് ഗൂഗിളിന്റെ സഹായത്തോടെയാണ് പാലാരിവട്ടത്തെ കഫേയിൽ നിന്നും ഇത് സംബന്ധിക്കുന്ന വിവരങ്ങൾ കണ്ടെടുത്തത്.
ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈൻഡിങ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണു ചെയ്തതെന്നു പൊലീസ് പറഞ്ഞു. കഫേ നടത്തിപ്പുകാരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിൽ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്. അഭിമുഖം നടത്തിയ അധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെ തുടർന്നു മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ചു സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നു വിദ്യ പൊലീസിനോട് പറഞ്ഞു.
കേസിൽ ഈ മാസം ഒന്നിന് കെ വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക