തൃശൂർ: മാധ്യമപ്രവർത്തന രംഗത്ത് അനാരോഗ്യകരമായ മത്സരം ശക്തമാകുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തൃശൂർ പ്രസ് ക്ലബിന്റെ ടി.വി. അച്യുത വാര്യർ പുരസ്കാരദാനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റ് സ്ഥാപനങ്ങളാണ്. സർക്കാറിന്റെ പല നയരൂപവത്കരണങ്ങളെയും സ്വാധീനിക്കാൻ ഇവരുടെ ഇടപെടൽ ഉണ്ടാകുന്നുണ്ടെന്നും അതുകൊണ്ട്, കാർഷികനയങ്ങൾ കർഷകർക്കും തൊഴിൽ നയങ്ങൾ തൊഴിലാളികൾക്കുമെതിരെയാവുകയും സാമ്പത്തിക നയങ്ങൾ കോർപറേറ്റുകൾക്ക് ഗുണകരമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ വാണിജ്യ ഉൽപന്നത്തിന്റെ തലത്തിലേക്ക് മാറുകയാണെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനം നിലനിൽക്കേണ്ടത് ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു. ഇതിന് എല്ലാ കോണുകളിൽ നിന്നും പിന്തുണ വേണം. എന്നാൽ, സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക