ടോവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം നടികർ തിലകത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മാസ് നിറഞ്ഞ സ്റ്റൈലിഷ് ലുക്കിൽ ടോവിനോ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടപ്പോൾ സൗബിൻ ഷാഹിർ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരെയും പോസ്റ്ററിൽ കാണാൻ സാധിക്കും.
സൂപ്പർ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം അലൻ ആന്റണി, അനൂപ് പേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഗോഡ്സ്പീഡ് ആണ് നിർമ്മിക്കുന്നത്. 120 ദിവസമെടുത്ത് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 40 കോടിയോളം രൂപയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ മുടക്കുമുതൽ വരുന്ന ചിത്രം കൂടിയാണിത്.
ഡേവിഡ് പടിക്കൽ എന്ന സൂപ്പർസ്റ്റാർ ആയാണ് ടോവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഡേവിഡ് പടിക്കലിന്റെ ജീവിതത്തിൽ കടന്നുവരുന്ന ചില പ്രതിസന്ധികളും ഇത് തരണം ചെയ്യാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് നടികർ തിലകത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരം ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നു.
ഇവരെ കൂടാതെ അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ,ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലീം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, വീണാ നന്ദകുമാർ, നന്ദകുമാർ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത്, ബിപിൻ ചന്ദ്രൻ, മാലാപാർവ്വതി, ദേവിക ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിങ്ങനെ വൻ താരനിര തന്നെ അണിനിരക്കുന്നു. സുവിൻ എസ് സോമശേഖരൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ആൽബിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക