ഇടുക്കി: ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, പരീക്ഷകൾ മാറ്റിവെച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താൻ തീരുമാനമായി. പിഎസ്സി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും.
അതേസമയം മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക് (ഓഗസ്റ്റ് 19) മാറ്റി. പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക