ജയിലർ കണ്ട ശേഷം ചിത്രത്തിലെ വിനായകന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വളരെ നല്ലൊരു പെർഫോമൻസ് ആയിരുന്നു വിനായകന്റേത് എന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും സിനിമ കണ്ട ശേഷം ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
സിനിമ കണ്ട ശേഷം ചാണ്ടി ഉമ്മൻ പ്രതികരിച്ചത് ഇങ്ങനെ;
“വയലൻസ് കുറച്ച് കൂടുതലാണ് എന്നതേ ഉള്ളൂ. പിന്നെ എല്ലാം ഊഹിക്കാവുന്നതും. വില്ലനും കൊള്ളാം. വളരെ നല്ലൊരു പെർഫോമൻസ് ആയിരുന്നു വിനായകന്റേത്. അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ഞാൻ”.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അവസാനിച്ചതോടെ തിരക്കുകൾ ഒഴിഞ്ഞ സാഹചര്യത്തിൽ സിനിമ കാണാൻ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മനും കോൺഗ്രസ് പ്രവർത്തകരും ഒരുമിച്ച് പാലായിലെ തീയറ്ററിൽ എത്തിയാണ് സിനിമ കണ്ടത്.
നേരത്തെ ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ പോലീസ് കേസെടുക്കുകയും എന്നാൽ വിനായകനെതിരെ കേസ് എടുക്കേണ്ട എന്ന് ചാണ്ടി ഉമ്മൻ പ്രതികരിക്കുകയും ചെയ്തിരുന്നു. തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹവും ഇതായിരുന്നു പറയുകയെന്നും വിനായകന്റേത് വ്യക്തിപരമായ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക