കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടർ തീം പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ ഇടപെട്ട് ഹൈക്കോടതി. കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യം ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂളും പ്രവര്‍ത്തിപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ അനുമതി ഉത്തരവ് ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകനായ ടി വി രാജനാണ് പാർക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും പി വി അന്‍വറിന്റെയും വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നൽകിയ നിര്‍ദേശം. രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പാര്‍ക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നുമാണ് അൻവറിനെതിരെ സമർപ്പിച്ച ഹര്‍ജിയിലെ ആവശ്യം. യാതൊരു പഠനവും നടത്താതെ പാര്‍ക്ക് തുറന്നുവെന്നും പി വി അന്‍വറിന്റെ സ്വാധീനത്തിലാണ് നടപടിയെന്നും വിദഗ്ധ സമിതിയെ കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക