ജ്ഞാനം, അറിവ്, ഐശ്വര്യം, സന്തോഷം എന്നിവയുടെ ദേവനാണ് ഗണപതി. പരമ ശിവന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്മ ദിനമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ഇത്തവണ സെപ്റ്റംബർ 19 നാണു വിനായക ചതുർഥി ആഘോഷിക്കുന്നത്. ശുക്ല ചതുർഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിവസമാണ് നീണ്ടുനിൽക്കുക. അനന്ത ചതുർദശിക്കാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തിൽ നടക്കുന്നത്.
ചിങ്ങ മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കാെണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം എന്നിവ നടത്തുന്നതും നല്ലതാണ്.
വിനായക ചതുർഥി ദിവസം കൊഴുക്കട്ട ഉണ്ടാക്കി ഗണപതിയെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് ഐശ്വര്യം വീട്ടിലേക്ക് കൊണ്ടുവരും. വിനായക ചതുർഥി ആഘോഷിക്കുന്നതിന് പിന്നിൽ പല ഐതിഹ്യങ്ങളും ഉണ്ട്.
12 മന്ത്രങ്ങൾ അടങ്ങിയ ഗണേശ ദ്വാദശ മന്ത്രം ജപിക്കുന്നത് വളരെ ഉത്തമമാണ്. ചതുര്‍ത്ഥി ദിനത്തിൽ ഈ മന്ത്രം ജപിച്ച് ഗണേശനെ സ്തുതിച്ചാൽ സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകും. ഗണപതി ഭഗവാന്റെ മൂലമന്ത്രമായ ‘ഓം ഗം ഗണപതയെ നമ:’ ജപിക്കുന്നത് വളരെ ഉത്തമമാണ്. പിറ്റേദിവസം തുളസി തീർത്ഥമോ ക്ഷേത്രത്തിലെ തീർത്ഥമോ സേവിച്ച് പാരണ വിടാം.
ഗണപതിയെ സൃഷ്ടിച്ചത് പാര്‍വതി ദേവിയാണെന്നാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ശിവ ഭഗവാന്റെ അഭാവത്തില്‍ കുളിക്കുമ്പോള്‍ തന്റെ കാവലിനായി പാര്‍വ്വതി ദേവി ചന്ദനം ഉപയോഗിച്ച് ഗണപതിയെ സൃഷ്ടിച്ചുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്. തുടര്‍ന്ന് പാര്‍വ്വതി ദേവി കുളി കഴിഞ്ഞ് പോകുകയും ശിവൻ കുളിക്കാൻ എത്തുകയും ചെയ്തുവെന്നും, കുളിക്കാനെത്തിയ ശിവനെ ഗണപതി തടഞ്ഞെന്നുമാണ് പുരാണം. എന്നാല്‍ ഇത് ശിവനെ പ്രകോപിപ്പിക്കുകയും ഇരുവരും യുദ്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ഫലമായി ശിവൻഗണപതിയുടെ തല വെട്ടിയെടുക്കുകയും ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു.
ഇത് കണ്ട പാര്‍വതി കോപാകുലയായി, കാളിയായി രൂപം മാറിപ്രപഞ്ചത്തെ മുഴുവന്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതില്‍ പരിഭ്രാന്തരായി മറ്റ് ദേവന്മാര് ശിവനോട് ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ശിവന് ഒരു ആനയുടെ തല കുട്ടിയുടെ ശരീരത്തിൽ ചേർത്തു വച്ച് ഗണേശന് പുനര്ജന്മം നൽകി. ഇത് കണ്ട പാര്‍വതി ദേവി കോപം അടക്കി തന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് മടങ്ങി. അന്നുമുതലാണത്രെ എല്ലാ വര്‍ഷവും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്.
ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?
വിനായക ചതുർഥി ദിനത്തില്‍ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്ധിയുണ്ടാവുമെന്നാണ് വിശ്വാസം. ചതുർഥിയുടെ തലേന്ന് മുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികൾ ഉപേക്ഷിണം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ പാടില്ല. ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം.108 തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടാം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ ‘ഓം ഗം ഗണപതയേ നമഃ’ ജപിക്കുക . പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക