ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാമിന്റെ’ റിലീസ് പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷൻസ്. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം അടുത്ത വർഷം പൊങ്കലിന് തിയേറ്ററുകളിലെത്തും. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് കപിൽ ദേവ് ഒരു പ്രധാന വേഷം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. “ലാൽ സലാം 2024 പൊങ്കലിൽ പ്രദർശനത്തിനെത്തുന്നു.” ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചു. ഈ പോസ്റ്ററിൽ വിഷ്ണു വിശാലിനെയും രജനീകാന്തിനെയും കാണാം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്. മൊയ്തീൻ ഭായി എന്നാണ് കഥാപാത്രത്തിന്റെ പേര്.
എട്ട് വർഷങ്ങൾക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാന രംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ലാൽ സലാം.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കർ ആണ് ലാൽ സലാം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. പ്രവീൺ ഭാസ്കർ എഡിറ്റിംഗ് നിർവഹിക്കുന്നു. വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക