കായികോത്സവത്തിന് അടുത്ത വർഷം മുതൽ പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുന്നംകുളത്ത് 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കലണ്ടർ തയ്യാറാക്കുന്നതിനു വേണ്ട പ്രെപ്പോസൽ തയ്യാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. കായിക താരങ്ങൾക്ക് കൂടുത തയ്യാറെടുപ്പ് നടത്താൻ ഇത് ഉപകാരപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ആഥിത്യം വഹിക്കുന്ന കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് കായികോത്സവ ഓർമ്മക്കായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് 2.60 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കായികോത്സവത്തെ സ്കൂൾ ഒളിമ്പിക്സ് ആക്കുന്ന കാര്യം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, സ്പോർട്സ് ഓർഗനൈസർ എന്നിവരടങ്ങുന്ന സമിതി ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.
കായികതാരങ്ങള്‍ക്ക് ജോലി നല്കുന്ന കാര്യത്തില്‍ മികച്ച റെക്കോർഡാണ് സർക്കാർ കൈവരിച്ചതെന്നും 7 വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്പോട്സ് ക്വാട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കിയത് സർവ്വകാല റെക്കോർഡാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക