രാഘവ ലോറൻസ്, കങ്കണ റണൗട്ട് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ പി. വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 ഒ.ടി.ടിയിലേക്ക്. കഴിഞ്ഞ മാസം 28-ാം തീയതി തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷകരെ ആകർഷിക്കാനായില്ല. ചിത്രം ഈ മാസം 27-ന് നെറ്റ്ഫ്ളിക്സിലൂടെ ഒ.ടി.ടി റിലീസാവും എന്നാണ് റിപ്പോർട്ട്.
രജനികാന്ത്, ജ്യോതിക, നയൻതാര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായിരുന്നു ചന്ദ്രമുഖി 2. മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ചന്ദ്രമുഖി. 60 കോടി മുതൽമുടക്കിലൊരുങ്ങിയ ചിത്രത്തിന് 20 കോടിയോളമാണ് നിർമാതാവിന് നഷ്ടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക