ബേസിൽ ജോസഫിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നുണക്കുഴി’ യുടെ ചിത്രീകരണം ആരംഭിച്ചു. കെ ആർ കൃഷ്ണകുമാർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വെണ്ണല ലിസി ഫാർമസി കോളേജിൽ നടന്ന പൂജയ്ക്ക് ശേഷമാണ്ആരംഭിച്ചത്.
നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗ്രേസ് ആന്റണി മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, സിദ്ദീഖ്, ബൈജു, അജുവർഗീസ്, സൈജുക്കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.
വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവർ ചേർന്ന് ജിത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസ്, സരിഗമ എന്നീ ബാനറുകളിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഡാർക്ക് ഹ്യൂമർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പ്. എറണാകുളവും പരിസരപ്രദേശങ്ങളുമാണ് നുണക്കുഴിയുടെ ലൊക്കേഷൻ ആവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക