ഇന്ത്യൻ വിപണിയിൽ 2024 ജനുവരി മുതൽ മാരുതി കാറുകളുടെ വില വർദ്ധിക്കും. തങ്ങളുടെ കാറുകളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് വിവരം മാരുതി തന്നെയാണ് അറിയിച്ചിരിക്കുന്നത്. നിർമ്മാണ സാമഗ്രികൾക്കുണ്ടായ വിലവർധനവും പണപ്പെരുപ്പവുമാണ് വിലവർധനവിന് കാരണമെന്നാണ് കരുതുന്നത്.
അടുത്തിടെയാണ് മാരുതി സുസുക്കി കാറുകളുടെ വിലയിൽ വർദ്ധനവ് ഏർപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയും ജനുവരിയിൽ കാറുകളുടെ വിലയിൽ 2% വർദ്ധന പ്രഖ്യാപിച്ചിരുന്നു.
വിലവർധനവ് ഉണ്ടാകുമെന്നതല്ലാതെ മാരുതി സുസുക്കിയുടെ ഓരോ മോഡലുകളുടെയും വിലയിൽ എത്രത്തോളം വർദ്ധനവ് ഉണ്ടാകുമെന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്ന വിവരം പുറത്തറിയിച്ചത്. പരമാവധി വിലവർധനവിന് കുറയ്ക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയതോതിൽ എങ്കിലും വില വർദ്ധനവ് ഒഴിവാക്കാനാകില്ല എന്നാണ് ഓഹരി വിപണിയെ സുസുക്കി അറിയിച്ചത്.
3.54 ലക്ഷം രൂപ മുതൽ 28.42 ലക്ഷം രൂപ വരെ വിലയുള്ള എൻട്രി ലെവൽ ഓൾട്ടോ മുതൽ മൾട്ടിയൂട്ടിലിറ്റി വെഹിക്കിൾ ആയ ഇൻവിക്റ്റൊ വരെ മാരുതി ഇന്ത്യൻ വിപണിയിൽ ഇറക്കുന്നുണ്ട്. 17 മോഡലുകളാണ് അരീന, നെക്സ ഷോറൂമുകൾ വഴി മാരുതി വിൽക്കുന്നത്.
അരീന ഷോറൂമുകൾ വഴി മാരുതി ആൾട്ടോ കെ 10, എസ്പ്രസോ, ഈകോ, സെലേറിയോ, വാഗൺ ആർ,സ്വിഫ്റ്റ്, എർട്ടിഗ, ബ്രസ എന്നിവയും നെക്സ ഷോറൂം വഴി ഇഗ്നീസ്, ബലെനോ, ഫ്രോങ്ക്സ്, സിയാസ്, എക്സ് എൽ6, ജിമ്നി, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റൊ എന്നിവയും ആണ് വിൽക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിൽപ്പനയിലെത്തിയത് ഇക്കഴിഞ്ഞ ഒക്ടോബറിൽ ആണ്. കഴിഞ്ഞ ഏപ്രിലിൽ അവസാനമായി കാറുകളുടെ വില വർദ്ധന ഏർപ്പെടുത്തിയ മാരുതി 1,99,217 കാറുകളാണ് ഈ വർഷം വിറ്റത്. 19 ശതമാനത്തിന്റെ വിൽപ്പന വളർച്ചയും ഈ വർഷം കമ്പനി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക