വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ഹിമാചല്‍ പ്രദേശ്. യാത്രാപ്രേമികളുടെ ഇഷ്ടയിടങ്ങളായ കുളുവും മണാലിയുമൊഴികെ നിരവധി മനോഹര ഗ്രാമങ്ങളുണ്ട് ഹിമാചലില്‍. സാഹസിക യാത്രക്കാരും യാത്ര ജീവിതമാക്കിയവരും തേടിപ്പിടിച്ചു പോകുന്ന ഹിമാചലിലെ ഗ്രാമങ്ങളെക്കുറിച്ച് നോക്കാം.
ഹിമാചലിലെ അതിമനോഹരമായ സ്ഥലമാണ് കസോള്‍. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍ ഒഴുകിയിറങ്ങുന്ന പാര്‍വതി വാലി ഉള്‍പ്പെടുന്ന പ്രദേശമാണ് കസോള്‍. കുളുവില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കസോളിലെത്താം. വര്‍ഷം മുഴുവന്‍ സുന്ദരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഭൂപ്രദേശമാണിത്. പാര്‍വതി നദി ഒഴുകുന്ന ശബ്ദമാണ് കസോളിനെ കൂടുതല്‍ മനോഹാരിയാക്കുന്നത്.
കസോളില്‍ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തോഷില്‍ എത്താം. കാറിലും ബൈക്കിലുമൊക്കെ സഞ്ചരിക്കാന്‍ പറ്റിയ ഇടമാണ്. പക്ഷേ ഗ്രാമമെത്തിയാല് കാല്‍നടയായി തന്നെ പോകണം. ഗ്രാമത്തിനകത്ത് ഹോം സ്റ്റേകളും കഫേകളുമുണ്ട. മലാന ഗ്രാമമാണ് മറ്റൊന്ന്. ‘മലാന ക്രീം’ എന്ന ലോക പ്രശസ്ത മയക്കുമരുന്നിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രാമം. ഈ ഗ്രാമത്തിലെ ആളുകളെ ആരും തൊടാന്‍ പാടില്ല. അവരുടെ ക്ഷേത്രങ്ങളെയോ ആരാധന മൂര്‍ത്തികളെയോ സ്പര്‍ശിച്ചാല്‍ 3,500 രൂപ പിഴയൊടുക്കണമെന്നാണ് വ്യവസ്ഥ.
കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മലാനയിലെത്താന്‍ രണ്ടര മണിക്കൂര്‍ മലകയറ്റമുണ്ട്. കസോളില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. ഹോം സ്റ്റേകള്‍ ലഭ്യമാണ്. സഞ്ചാരികളുമായി അടുത്തിടപഴകാതെയാണ് മലാനയില് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. മലാന ക്രീം എന്ന മയക്കുമരുന്നിന്റെ നിര്‍മാണം തടസമില്ലാതെ ഇവിടെ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക