53-ാമത് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം റിപ്ടൈഡ്. ബ്രൈറ്റ് ഫ്യൂച്ചര്‍ വിഭാഗത്തിലാണ് മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക. നവാഗതനായ അഫ്രദ് വി കെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രമാണ് റിപ്ടൈഡ്. അടുത്ത മാസം 25 മുതല്‍ ഫെബ്രുവരി നാലുവരെയാണ് ചലച്ചിത്ര മേള നടക്കുക.
മിസ്റ്ററി/റൊമാന്‍സ് ജോണറിലുള്ള പീരിയോഡിക് ചിത്രമാണ് റിപ്ടൈഡ്. മീഡിയവണ്‍ അക്കാദമിയിലെ ചലച്ചിത്ര പഠനത്തിന്റെ ഭാഗമായി ഡിപ്ലോമ സിനിമയായി തുടങ്ങിയ ചിത്രത്തിന്റെ സമസ്ത മേഖലയിലും പ്രവര്‍ത്തിച്ചിരിക്കുന്നത് ചലച്ചിത്രപഠനം നടത്തുന്ന വിദ്യാര്‍ഥികളാണ്. നവാഗതരായ സ്വലാഹ് റഹ്മാനും ഫാരിസ് ഹിന്ദും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് അഭിജിത് സുരേഷ് ആണ്.
മെക്ബ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കോമള്‍ ഉനാവ്നെ നിര്‍മിച്ച ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ജോമോന് ജേക്കബ്,അഫ്രദ് വി കെ എന്നിവരാണ്. പരീക്ഷണ സിനിമകള്‍ക്കും സ്വതന്ത്രസിനിമകള്‍ക്കും പ്രാമുഖ്യം കൊടുക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നാണ് റോട്ടര്‍ഡാം ഫിലം ഫെസ്റ്റിവല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക