വേനല്‍ക്കാലത്ത് ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും പ്രശ്നമുണ്ടാകുന്നത് സാധാരണയാണ്. ഈ സമയം മുടി കൊഴിച്ചില്‍ കൂടുതലാകുന്നു. വേനല്‍ക്കാലത്ത് മുടി കൊഴിയാന്‍ കാരണമുണ്ട്. നമ്മുടെ ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പലതും മുടിയ്ക്കുമുണ്ടാകും.
അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയില്‍ പതിയ്ക്കുമ്പോള്‍ മുടിയ്ക്ക് സംരക്ഷണം നല്കുന്ന ക്യൂട്ടിക്കിള്‍ ദുര്‍ബലമാകും. ഇത് മുടി പൊട്ടിപ്പോകാന്‍ കാരണമാകും. ഇതു കൂടാതെ മുടിയില്‍ വിയര്‍പ്പ് തങ്ങി നില്ക്കുമ്പോള് മുടി പെട്ടെന്ന് കൊഴിയാന്‍ സാധ്യതയേറെയാണ്. ഇതിനു പരിഹാരങ്ങളുമുണ്ട്.
വേനൽക്കാലത്ത് തലയിൽ അമിതമായ വിയർപ്പ് കാരണം ആളുകൾ ദിവസവും തല കഴുകുന്നത് ശീലമാക്കും. അത്തരം സാഹചര്യങ്ങളിൽ, രാസവസ്തുക്കൾ അടങ്ങിയ ഷാംപൂകൾ പതിവായി ഉപയോഗിക്കുകയാണെങ്കിൽ തലയോട്ടി വരണ്ടുപോകുകയും താരൻ, കുരുക്കള്‍, ചൊറിച്ചിൽ, മുടി ദുർബലമാവുക, അമിതമായ പൊട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
ദിവസവും എണ്ണ പുരട്ടണം എന്നുണ്ടെങ്കില്‍ താളി പോലുള്ള വഴികള്‍ എണ്ണ കളയാന്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഇത് തല തണുക്കാനും നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും ഗുണകരമാണ്.
ഈ സമയത്ത് ഉരുക്കുവെളിച്ചെണ്ണ പുരട്ടിയാല്‍ മതിയാകും. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഉരുക്കു വെളിച്ചെണ്ണ. ഇതിലെ ലോറിക് ആസിഡ് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്.
മുടി കൊഴിച്ചിലുള്ളവര്‍ ഇതില്‍ അല്പം വൈറ്റമിന്‍ ഇ ഓയില്‍ കൂടി ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. അല്പനേരം വച്ച ശേഷം കഴുകാം.
ഈറന്‍ മുടി ചീകരുത്. നനഞ്ഞിരിയ്ക്കുന്ന മുടി വേരുകള്‍ ദുര്‍ബലമായിരിയ്ക്കും. മാത്രമല്ല, ജട പോലുള്ളവ വരാനും സാധ്യതയേറെയാണ്. ഇതെല്ലാം മുടി പൊട്ടിപ്പോകാനും മുടി വേരുകള്‍ കേടാകാനും കാരണമാകും. ടവല്‍ വച്ച് വല്ലാതെ അമര്‍ത്തിത്തുടയ്ക്കരുത്. മൃദുവായി ഒപ്പിയെടുക്കാം.
ഹെല്‍മറ്റ് പോലുള്ളവ വയ്ക്കുന്നതിന് മുന്‍പായി ടവല്‍ കൊണ്ട് മുടി മൂടിക്കെട്ടാം. ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ കുട പോലുള്ളവ ഉപയോഗിയ്ക്കുന്നത് പോലെ മുടിയെ സംരക്ഷിയ്ക്കാന്‍ തൊപ്പിയോ ടവലോ വയ്ക്കുന്നത് നല്ലതാണ്.
ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ മുട്ടയുടെ വെള്ള ഏറെ നല്ലതാണ്. ഇത് പ്രോട്ടീന്‍ ആയതാണ് ഗുണം നല്‍കുന്നത്. മീന്‍ നല്ലതാണ്. പയര്‍, കടല എന്നിവയും ഗുണം നല്‍കും.
പേരയ്ക്ക, ഓറഞ്ച്, മാങ്ങ പോലുള്ളവ പഴവർഗങ്ങൾ കഴിയ്ക്കാം. പച്ചക്കറികളില്‍ ഇലക്കറികള്‍, ബീന്‍സ് ക്യാപ്സിക്കം, ക്യാബേജ്, ബ്രൊക്കോളി പോലുള്ളവയും നല്ലതാണ്. ധാരാളം വെള്ളം കുടിയ്ക്കുക. ഇതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക