കല്‍പ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ബൈക്കിന്റെ മുന്നിൽ കടുവ ചാടി. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പുൽപ്പള്ളി 56ൽ വാഴയിൽ അനീഷാണ് കഴിഞ്ഞ ദിവസം രാത്രി കടുവയുടെ മുന്നിൽപ്പെട്ടത്. ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ കടുവ മുൻപിൽ ചാടുകയായിരുന്നു. കടുവയെ കണ്ട് പേടിച്ച അനീഷിന്റെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം കന്നുകാലിയെ കടുവ പിടികൂടി കൊന്ന സ്ഥലത്തിനടുത്താണ് കടുവ വീണ്ടും വന്നത്. ഗുരുതര പരിക്കുകളോടെ അനീഷിനെ പുൽപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുവയ്ക്കായി പ്രദേശത്ത് വനം വകുപ്പ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയും കടുവ ആക്രമിച്ചു. ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ നോക്കുമ്പോഴേക്കും കടുവ ഓടിപ്പോയിരുന്നു. ഓടുന്നതിനിടെ കടുവ ചാണക കുഴിയില്‍ വീണു. ആളുകൾ ബഹളം വെച്ചതോടെയാണ് കടുവ തോട്ടത്തിലേക്ക് ഓടിമറഞ്ഞത്. സമീപ ഭാഗങ്ങളിൽ കടുവയുടെ കാല്പാടുകള് പതിഞ്ഞിട്ടുണ്ട്. ഈ വീടിന്റെ സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കന്നുകാലിയെ കടുവ കൊന്നത് .
വാഴയിൽ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിൻഭാഗം പാതി കടുവ തിന്ന നിലയിലായിരുന്നു കണ്ടെത്തിയത്. വീടിനു സമീപം കെട്ടിയിരുന്ന പശുവിനെ രാത്രിയിലാണ് ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക