ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന ക്രൈം സീരീസ് ‘പോച്ചർ’ ഫെബ്രുവരി 23 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ എത്തും. റിച്ചി മേത്തയാണ് സീരീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. എമ്മി അവാർഡ് ജേതാവായ റിച്ചി ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്.
മലയാളി താരങ്ങളായ നിമിഷ സജയൻ, റോഷൻ മാത്യു, കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി എന്നിവർക്കൊപ്പം ദിബ്യേന്ദു ഭട്ടാചാര്യയും ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോമതി ദേവി എന്ന കഥാപാത്രത്തെയാണ് പോച്ചറിൽ നിമിഷ അവതരിപ്പിക്കുന്നത്.
‘പോച്ചർ’ നിർമിക്കുന്നത് ഓസ്കാർ അവാർഡ് നേടിയ പ്രൊഡക്ഷൻ കമ്പനിയായ ക്യുസി എന്റർടൈൻമെന്റ് ആണ്. സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബോളിവുഡ് നടി ആലിയ ഭട്ടാണ്.
8 ഭാഗങ്ങളായാണ് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സീരിസ് പുറത്തിറക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും സീരീസ് പുറത്തിറങ്ങും.
കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന ആനവേട്ടയുടെയും അതുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവൃത്തികളിലേക്കും വിരൽചൂണ്ടുന്ന, ഉദ്വേഗജനകമായ ഒരു കുറ്റകൃത്യ പരമ്പരയാണ് പോച്ചർ.
കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ, കേരളത്തിലെ നിബിഡ വനങ്ങളിൽ നടന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് പോച്ചർ.
ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി ആമസോൺ പ്രൈം വീഡിയോ പോച്ചർ സ്ട്രീം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക