ആറ്റുകാൽ ദേവിയുടെ പൊങ്കാല സമർപ്പണം നാളെയാണ്. ക്ഷേത്രോത്സവം തുടങ്ങി ഒൻപതാം നാളിലാണ് പൊങ്കാല സമർപ്പണം. പൊങ്കാലയോടൊപ്പം ഭക്തർ ദേവിക്ക് സമർപ്പിക്കുന്ന ദേവിയുടെ ഇഷ്ട വിഭവമാണ് തെരളി. പൊങ്കാല തയ്യാറാക്കിയതിന് ശേഷമാണ് ഇതുണ്ടാക്കുന്നത്.
ഒരാഴ്ച വ്രതം അനുഷ്ഠിച്ചതിന് ശേഷമാണ് പൊങ്കാലയിടുന്നത്. അത്തരത്തിൽ ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കുന്ന നിവേദ്യമാണ് തെരളിയപ്പം.
പൊങ്കാലയിൽ ശർക്കര പായസം, വെള്ള പായസം, കടുംപായസം എന്നിവയിൽ ഏതെങ്കിലുമായിരിക്കും ഭക്തർ അർപ്പിക്കുക. അതിന് ശേഷമാണ് തെരളിയുണ്ടാക്കി ദേവിക്ക് അർപ്പിക്കുന്നത്. കാര്യസിദ്ധിക്കായിട്ടാണ് തെരളി അർപ്പിക്കുന്നത്. ഈ തെരളി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
വറുത്ത അരിപ്പൊടി 2 കപ്പ്
ശർക്കര ചീകിയത് ഒന്നര കപ്പ്
പഴം 4 എണ്ണം
തേങ്ങ ചിരകിയത് അര കപ്പ്
ഏലക്ക പൊടിച്ചത് ഒരു ടീസ്പൂൺ
ജീരകം പൊടിച്ചത് അര ടീസ്പൂൺ
വയണയില ആവശ്യത്തിന്
പച്ച ഈർക്കിൽ
തയാറാക്കേണ്ട വിധം
തെരളിയപ്പം തയ്യാറാക്കാൻ ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി അലിയിച്ചെടുക്കുക. ശേഷം ഇതിനെ നന്നായി അരിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് അരിപൊടി, ജീരകപൊടി, ഏലക്ക പൊടി, തേങ്ങാ ചിരവിയത്, പഴം, ശർക്കര പാനി എല്ലാം ചേർത്ത് ചെറിയ ഉരുളകൾ ആക്കാൻ പാകത്തിൽ തയ്യാറാക്കുക. ശേഷം ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ച്ചശേഷം വായണയില കുമ്പിൾ രൂപത്തിലാക്കി അതിലേക്ക് ഈ മാവ് നിറച്ചശേഷം ഈർക്കിൽ കൊണ്ട് കുത്തി ഉറപ്പിച്ചിവെയ്ക്കുക.
ഇത് ഇഡലി പാത്രത്തിന്റെ തട്ടിൽ വെച്ച് ആവിയിൽ അരമണിക്കൂർ പുഴുങ്ങിയെടുക്കുക. ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കേണ്ട തെരളിയിപ്പം തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക