നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവയും തെറ്റി പിരിഞ്ഞെന്ന തരത്തിലെ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളായി പുറത്ത് വന്നുകൊണ്ടിരുന്നത്.
ഇരുവരുടെയും വിവാഹ ജിവിതത്തെക്കുറിച്ച് വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെ ഭർത്താവ് വിഘ്നേഷിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ് നയൻതാര. ഇത് കൂടാതെ, വ്യക്തത നൽകാത്ത തരത്തിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും താരം പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും അസ്വാരസ്യത്തിലാണെന്ന അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ശരിവച്ചത്.
‘കണ്ണീരോടെയാണെങ്കിലും അവള് എന്നും ‘എനിക്ക് അത് ലഭിച്ചു’ എന്നാണ് പറയുന്നത്’ എന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് നയൻതാര കഴിഞ്ഞ ദിവസം പങ്കുവച്ചത്. നയൻതാര ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചിട്ട് വളരെ കുറച്ചുനാൾ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ വിഘ്നേഷ് നേരത്തെ നയന്‍താരയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, നയൻതാരയുടെ ബിസിനസിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലെ സ്റ്റോറി വിഘ്നേഷ് പങ്കുവച്ചിട്ടുണ്ട്. കൂടാതെ, നയൻതാരയെ ഫോളോയും ചെയ്തിട്ടുണ്ട്. നയൻ സ്കിൻ എന്ന അവരുടെ സ്കിൻകെയർ ബ്രാൻഡ് സ്പോൺസർ ചെയ്യുന്ന ‘ഷീ ബ്യൂട്ടി അവാർഡ്സിന്റെ’ പ്രഖ്യാപന പോസ്റ്ററാണ് വിക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
കൂടാതെ നയൻതാര കഴിഞ്ഞ ആഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കിട്ടിരുന്നു. ഹിന്ദി പ്രണയഗാനത്തിനൊപ്പം വിഘ്നേഷിനെ കൈ ചുറ്റി നില്ക്കുന്ന രീതിയിലായിരുന്നു ആ സ്റ്റോറി. ഇത് ഇരുവരും തെറ്റിപിരിഞ്ഞെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാകാനും സാധ്യതയുണ്ട്.
2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. നയന്‍സിനും വിഘ്നേശിനും ഉലകം, ഉയിര് എന്നിങ്ങനെ ഇരട്ട മക്കളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്. ഏറ്റവും ഒടുവില്‍ നയന്‍താര അഭിനയിച്ചത് അന്നപൂരണി എന്ന ചിത്രത്തിലാണ്.
ചിത്രത്തിലെ സീനുകളും സംഭാഷണങ്ങളും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് വിവാദമുണ്ടാകുകയും ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ സിനിമ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക