പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തിയെ രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. സുധാമൂർത്തിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത വിവരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്.
നാരീ ശക്തിയുടെ ശക്തമായ തെളിവാണ് സുധാമൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം എന്നും സുധാമൂർത്തി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിൽ ആഹ്ലാദം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സൺ ആയ സുധാമൂർത്തി ഇൻഫോസിസ് കമ്പനി സഹ സ്ഥാപകനായ എ ൻ ആർ നാരായണമൂർത്തിയുടെ ഭാര്യയാണ്.
2023ല് പത്മഭൂഷൻ ലഭിച്ച സുധാമൂർത്തിയെ 2006ൽ പത്മശ്രീ നൽകി രാജ്യം ആദരിക്കുകയും ചെയ്തിട്ടുണ്ട്. ‘ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മദർ ടു റീഡ്’, ‘മഹാശ്വേത’, ‘ഡോളർ ബഹു’ എന്നിവയാണ് കന്നട, ഇംഗ്ലീഷ് ഭാഷകളിൽ എഴുതാറുള്ള സുധാമൂർത്തിയുടെ പ്രധാന സൃഷ്ടികൾ.
ഗ്രാമീണ മേഖലയുടെ വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സുധാമൂർത്തി നിരവധി അനാഥാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്പ്രധാനമന്ത്രിയായ ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹൻ മൂർത്തി എന്നിവർ സുധാമൂർത്തിയുടെ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക