മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ വിവിധതരത്തിലുള്ള സ്വാധീനമാണ് ഉണ്ടാക്കിയത്. ചിത്രത്തിന് തിയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ഷാജിപ്പാപ്പനും പിള്ളേരും ആരാധകരുടെ ഹൃദയത്തിൽ കയറി. ഷാജിപ്പാപ്പാന്റെ വസ്ത്രവും മ്യൂസിക്കും ഒരുകാലത്ത് ട്രെൻഡ് ആയി മാറി.
സാമൂഹിക മാധ്യമങ്ങളിൽ ഒന്നാം ഭാഗത്തിന് ലഭിച്ച പിന്തുണ കണ്ടാണ് വിജയ് ബാബുവും മിഥുനും ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിച്ചത്. ആട് 2വും ജനങ്ങൾ ഇരുവായയും നീട്ടി സ്വീകരിച്ചു. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് ചിത്രം ജൈത്രയാത്ര നടത്തിയത്. രണ്ടാം ഭാഗത്തിന് പിന്നാലെ, മൂന്നാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും ടീം നടത്തിയിരുന്നു. ഇപ്പോഴിതാ, ആട് 3 ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിർമാതാക്കൾ.
നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു, സംവിധായകൻ മിഥുൻ മാനുവൽ തോമസ് തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെയാണ് ആട് 3 അന്നൗൻസ് ചെയ്തത്. മൂവരും മൂന്ന് ആടിനെ തോളിലും കൈകളിലുമെടുത്ത് നിൽക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
‘പാപ്പനും പിള്ളേരും വരുവാ കേട്ടോ… ഇനി അങ്ങോട്ട് ‘ആടുകാലം’ -എന്നാണ് ജയസൂര്യ തന്റെ ഫേസ്ബുക്കിലെഴുതിയത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, ശശി ആശാൻ തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ കഥാപാത്രങ്ങളും വീണ്ടുമെത്തുകയാണെന്ന് വിജയ് ബാബു കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക