തിരുവനന്തപുരം: കേരളത്തിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകളിൽ അതിശക്തമായ കടൽക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാർ മുതൽ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം അനുഭവപ്പെട്ടത്. കടലാക്രമണത്തിൽ പൊഴിയൂരിൽ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകൾ തകർന്നു. തീരത്തെ വീടുകളില്‍ വെള്ളം കയറുകയുമുണ്ടായി. പൂവാർ അടിമലത്തുറ ഭാഗം വരെയാണ് കടൽ കയറിയത്.
കോവളത്തും ശക്തമായ തിരയടിച്ചു. റോഡിലേക്കും കടകളിലേക്കും കടൽ വെള്ളം കയറി. കോവളം ബീച്ചിലേക്ക് വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നതായി മുന്നറിയിപ്പ് ഉണ്ട്. തുമ്പയിൽ 100 മീറ്ററോളം തിരമാല അടിച്ചു കയറി. ചേർത്തല പള്ളിപ്പുറം മേഖലകളിൽ കടലാക്രമണം ശക്തമായി നിൽക്കുന്നു. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.
ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം അനുഭവപ്പെട്ടു തുടങ്ങിയത്. പൂന്തുറയില്‍ വള്ളങ്ങൾ കൂട്ടിയിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട് ചെയ്തു. ശക്തമായി തിരയടിച്ച് വള്ളങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അഞ്ചുതെങ്ങ്, വർക്കല മേഖലകളിൽ ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക