ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും വൈറ്റമിന്‍ സി സഹായകരമാകുന്നു. വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതൽ ജീവകം സി യുടെ അംശം നെല്ലിക്കയില്‍ ഉണ്ട്. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ ധാരാളമായുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടില്‍ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്.
ആന്റിഓക്സിഡന്റുകളും ധാരാളമുള്ള സമ്പന്നമായ നെല്ലിക്ക ഹൃദ്രോഗം, ഹൈപ്പർെടൻഷൻ, പ്രമേഹം, ദഹനപ്രശ്നങ്ങൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകും. എന്നാൽ കൂടിയ അളവിൽ നെല്ലിക്ക കഴിച്ചാൽ ഇത് ആരോഗ്യത്തിന് ദോഷം ഉണ്ടാകും.
അമ്ലഗുണം ഉള്ള ഫലമാണ് നെല്ലിക്ക. ഇത് അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിൽ തോന്നാം. ഹൈപ്പർ അസിഡിറ്റി ഉള്ളവർ വെറുംവയറ്റില്‍ നെല്ലിക്ക കഴിക്കരുത്. ഇത് ഉദരപാളികളെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ധാരാളം നാരുകൾ അടങ്ങിയതിനാൽ കൂടിയ അളവിൽ കഴിച്ചാൽ മലബന്ധം ഉണ്ടാകാനും കാരണമാകും.
നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്ലെറ്റ് ഗുണങ്ങൾ ഉള്ളതിനാൽ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയും. ഏതെങ്കിലും ബ്ലഡ് ഡിസോർഡർ ഉള്ള ആളാണെങ്കിൽ നെല്ലിക്ക കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും.
അധികമായി നെല്ലിക്ക കഴിക്കുന്നത് ഹൈപ്പോക്സീമിയയ്ക്ക് കാരണമാകും. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്ന അവസ്ഥ ആണ് ഹൈപ്പോക്സീമിയ. ശ്വസനപ്രശ്നങ്ങൾ ഉണ്ടാകുകയും പല അവയവങ്ങളുടെയും പ്രവർത്തനം തകരാറിലേക്കു നയിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നെല്ലിക്ക നല്ലതാണ്. എങ്കിലും പ്രമേഹരോഗികൾ മരുന്ന് കഴിക്കുന്നതോടൊപ്പം നെല്ലിക്ക കൂടുതൽ കഴിക്കുന്നത് ഉത്തമമല്ല. നെല്ലിക്ക അമിതമായി കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെയധികം കുറയുകയും മരുന്നിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ ഡോക്ടറുടെ നിർദേശം അനുസരിച്ചേ നെല്ലിക്ക കഴിക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക