പാലക്കാട്: കൊടും വെയിലത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് പ്രവര്ത്തകന് സൂര്യാഘാതമേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാം(55)നാണ് സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തിൽ വീടുകയറിയുളള പ്രചാരണം നടത്തുന്നതിന് ഇടയിലായാണ് സൂര്യാഘാതമേറ്റത്.
മുതുകിലും നെഞ്ചിലും പൊള്ളലുണ്ട്. ഇതോടെ തോമസ് അബ്രഹാമിനെ ശ്രീകൃഷ്ണപുരം സര്ക്കാര് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂര്യാഘാതമേറ്റതിന്റെ പാടുകൾ പൂർണമായും മാറാത്തതിനാൽ തോമസ് എബ്രഹാം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിന്ന് വിട്ടുനിൽക്കുകയാണ്. വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഇദ്ദേഹം.
അതേസമയം, സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചുവരുന്ന ചൂടിന് ഒരു ശമനവുമില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കടുത്ത ചൂട് ഉണ്ടാകും എന്ന് തന്നെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിൽ താപനില വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് താപനില വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. സാധാരണ താപനിലയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കും എന്നാണ് മുന്നറിയിപ്പ്.
ഏപ്രിൽ അഞ്ചുവരെ പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ഇതുകൂടാതെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും വർദ്ധിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക