അബുദാബി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും സന്ദര്‍ശനത്തിനായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്നവർക്കും ഇനി മുതൽ ഫോൺപേ ആപ്ലിക്കേഷനിലൂടെ യുപിഐ ഇടപാടുകൾ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്രിഖ് ബാങ്കുമായി സഹകരിച്ചാണ് ഫോണ്‍പേ ഈ സൗകര്യം ഏർപ്പെടുത്തിയത്. യുഎഇയിലേക്കും യുപിഐ വിപുലീകരിച്ചതായി കമ്പനി വ്യക്തമാക്കി.
വിവിധയിടങ്ങളിലെ മഷ്രിഖിന്റെ നിയോപേ കൗണ്ടറുകൾ വഴി ഈ ഇടപാട് നടത്താൻ കഴിയും. ഇനി മുതൽ കടകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റസ്റ്റോറന്റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂ.ആർ കോഡുകൾ ഫോൺപേ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം നൽകാൻ സാധിക്കും.
ഇന്ത്യൻ രൂപയിലാണ് പണം ഈടാക്കുക. കറൻസി വിനിമയ നിരക്ക് കാണിച്ച ശേഷമാണ് ഇടപാട് നടത്താനാകുക. ഇതിനായി ഫോൺപേ ആപ്പിൽ യു.പി.ഐ ഇന്റർനാഷനൽ എന്ന ഓപ്ഷൻ എടുക്കണം. ശേഷം അന്താരാഷ്ട്ര പേയ്മെന്റുകൾക്കായി, ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യണം. തുടർന്ന് യുപിഐ പിൻ നൽകിയാൽ ഇടപാട് നടത്താനാകും.
പ്രവാസികൾക്ക് അവരുടെ മൊബൈൽ നമ്പറിൽ തന്നെ ഇതിനായി ഉപയോഗിക്കാം. ക്യൂആര്‍ കോഡുകള്‍ ഫോണ്‍പേ ആപ് ഉപയോഗിച്ച് സ്കാന്‍ ചെയ്ത് പണം നൽകാൻ കഴിയും. കറൻസി എക്സ്ചേഞ്ച് നിരക്ക് കാണിക്കുന്നതിനാൽ ഇടപാടുകാർക്ക് സുതാര്യത ഉറപ്പുവരുത്താനാകും. എല്ലായിടത്തും ഇടപാട് വിപുലീകരിക്കുന്നതിനായി വിവിധ സ്ഥാപനങ്ങളില്‍ നിയോപേ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക