തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ ആശ്വാസമായി ഇന്നും സംസ്ഥാനത്ത് മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴു ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഇന്ന് മുതൽ 7 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 7 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന താപനില കണക്കിലെടുത്ത് 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക