കോഴിക്കോട്: വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ വിമത സ്ഥാനാർത്ഥിയും മത്സരത്തിന്. കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹി അബ്ദുൾ റഹീം ഹാജിയാണ് വടകരയിൽ മത്സരിക്കാൻ നാമനിര്‍ദ്ദേശ പത്രിക നൽകിയത്. കോൺഗ്രസ് നരിപ്പറ്റ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു പത്രിക സമർപ്പിച്ച റഹീം ഹാജി. ഇതിന് മുൻപ് രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിലും റഹീം ഹാജി മുൻപ് പങ്കെടുത്തിരുന്നു. എന്നാൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ കാരണം അബ്ദുൾ റഹീം ഹാജിയെ കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
ഓരോ ആവശ്യത്തിനായി പാര്‍ട്ടി നേതൃത്വം പ്രാദേശിക നേതാക്കളെ ഉപയോഗിക്കുമെന്നും ഉപയോഗ ശേഷം വലിച്ചെറിയുന്നതാണ് രീതിയെന്നും കോൺഗ്രസിനെതിരായ വിമര്‍ശനത്തിൽ വ്യക്തമാക്കുന്നത്. കോൺഗ്രസ് നരിപ്പറ്റ മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു അബ്ദുൾ റഹീം ഹാജിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇദ്ദേഹം എക്സിക്യുട്ടീവ് കമ്മിറ്റി അംഗം മാത്രമായിരുന്നുവെന്നും കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.
ദീര്‍ഘകാലം പ്രവാസിയായി വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം നാട്ടിൽ മടങ്ങിയെത്തിയ ശേഷം കോൺഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി പൊതു പ്രവര്‍ത്തന രംഗത്ത് ഇറങ്ങിയതാണ്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. പാര്‍ട്ടി പുറത്താക്കിയെങ്കിലും കോൺഗ്രസുകാരൻ തന്നെയായിരുന്നു താനെന്നുമെന്നും വ്യക്തിബന്ധത്തിന്റെ മുകളിൽ തനിക്ക് വോട്ട് കിട്ടുമെന്നും അബ്ദുൾ റഹീം ഹാജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക