തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ കൊഴുപ്പിക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, പതിനെട്ടടവും പയറ്റി കളം നിറയുകയാണ് മുന്നണികളും സ്ഥാനാര്‍ഥികളും. വയനാടും കോഴിക്കോടും വൈകീട്ട് രാഹുല്‍ഗാന്ധി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കേരളം സന്ദർശിക്കും. ഇതിന്റെ ഭാഗമായി ഇന്ന് എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്. ഇന്ന് രാവിലെ 9 മുതൽ രാവിലെ 11 മണിവരെയുമാണ് ഗതാഗതം നിയന്ത്രിക്കുക. എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക.
ഇന്നലെ രാത്രിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തി.
രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി എത്തും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി സജ്ജമാക്കിയിരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയില്‍ പങ്കെടുക്കുന്ന രാഹുൽ 15, 16 തീയതികളില്‍ വയനാട്ടിൽ തങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക