പുതുവർഷം ആരംഭമായ മേടം ഒന്നാം തീയതി കഴിഞ്ഞു വരുന്ന പത്താം തീയതിയാണ് പത്താമുദയം. അന്ന് സൂര്യൻ ഉച്ചത്തിലാണ് അഥവാ സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണ്. കൃഷിക്കാർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണിത്. ഒരു വർഷത്തിൽ സൂര്യൻ ഏറ്റവും ശക്തമായി കത്തി ജ്വലിച്ചു നിൽക്കുന്ന ദിവസമാണിത്.
മേടമാസം കാര്‍ഷിക പ്രവര്‍ത്തികള്‍ക്ക് ഏറ്റവും അത്യുത്തമമായിട്ടുള്ള കാലവും കൂടിയായ മലയാള മാസമാണ്. കാർഷികാചാരങ്ങളുടെയും കൂടെ മാസമായാണ് മേടമാസത്തെ കാണുന്നത്.
കേരളത്തിൽ മേടം ഒന്നിലെ വിഷുദിവസത്തോടെയാണ് കാർഷികാചാരങ്ങള്ക്ക് തുടക്കമാവുക. വിഷുവും അതിന്റെ പത്താം നാള് മേടപ്പത്തും കര്‍ഷകര്‍ക്ക് അത്രയേറെ പ്രധാനപ്പെട്ടതാണ്. വിത്തിറക്കാനും പുതിയ തൈ നടാനുമെല്ലാമുള്ള നല്ല ദിവസമാണിത്. പത്താമുദയം, മേടപ്പത്ത് എന്നിങ്ങനെയെല്ലാം ഈ ദിവസം അറിയപ്പെടുന്നു.
ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ശുഭകാര്യം തുടങ്ങുന്നതിനു മുന്നേ ഗണപതി ഭഗവാനോടൊപ്പം സൂര്യദേവനെ സ്മരിക്കുന്നത് ഉത്തമമാണ്. ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ക്ക് തുടക്കമിടുന്ന ശുഭദിനമാണിത്. ഗായത്രിമന്ത്രം കഴിയാവുന്നത്ര തവണ ചൊല്ലുന്നത് ഉത്തമമാണ്.
പത്താമുദയം, മേടസംക്രമം, അക്ഷയത്രിതീയ, ഉത്സവങ്ങള്‍, പൂരങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ മംഗള കാര്യങ്ങള്‍ നടക്കുന്ന കാലം കൂടിയാണിത്.
സാധാരണയായി രണ്ട് പത്താമുദയമാണുള്ളത്. മേടപ്പത്തും തുലാംപ്പത്തും. കൃഷിക്ക് ആവശ്യമുള്ള രീതിയില്‍ പ്രകൃതിയെ ലഭിക്കുന്നത് മേടപ്പത്തിനാണ്. എന്നാല്‍ തുലാംപത്ത് ഒട്ടും കൃഷിക്ക് അനുയോജ്യമല്ല. സൂര്യനെ വളരെ ബലഹീനനായിട്ടാണ് അന്ന് കാണാനാവുക.
വിഷുദിനത്തില്‍ ശ്രീകൃഷ്ണചിന്തയോടെ കൃഷിയിടങ്ങള്‍ കൃഷിക്കായി പാകമാക്കും. ഒന്നുരണ്ട് വേനല്‍ മഴ കിട്ടി പാടവും പറമ്പും മേടം പത്ത് ആവുമ്പോഴേക്കും കുതിര്‍ന്നിരിക്കും. സൂര്യപ്രീതി കര്‍മ്മങ്ങളോടെ പത്താമുദയത്തില്‍ പാടത്ത് വിത്തിറക്കുകയോ പുതിയ തൈകള്‍ നടുകയോ ചെയ്യും. ഇതാണ് ആചാരം.
വിതക്കുവാനുള്ള ചാല് കീറൽ അഥവാ നിലം ഉഴൽ ആണ് ആദ്യം. ഏതു വിളവാണെങ്കിലും അതിന് ശേഷം പത്താം ദിനം, പത്താമുദയത്തിനാണ്.
വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത്. ഏത് ശുഭ കാര്യത്തിനും ഉത്തമ ദിനമാണിത് അതുകൊണ്ട് തന്നെ വിത്ത് വിതയ്ക്കാനും തൈ നടാനും മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് പഴമക്കാരുടെ വിശ്വാസം.
ഈ ദിവസം സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികളെയും ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യ പൂജയില്ലാത്ത കാവുകളിലും ഈ ദിവസം പൂജകൾ നടത്തും. വീടു പാലുകാച്ചിന് ഈ ദിനം ഉത്തമമാണ്. സൂര്യാരാധനയുടെ ഭാഗമായി വെള്ളിമുറം കാണിക്കലെന്നൊരു ചടങ്ങ് മുമ്പ് ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി സൂര്യനെ ഉദയത്തിന് കാണിക്കും. പിന്നീട് ഈ അരിപ്പൊടി പലഹാരമാക്കി കഴിക്കും.
പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. ആചാരവും വിശ്വാസവും എന്നതിനപ്പുറം അനുഭവമായിരുന്നു ഇതിന് പ്രധാന കാരണം. പൂര്‍ണ്ണമായും പ്രകൃതിയെ ആശ്രയിച്ച് കൊണ്ടുള്ള കൃഷിരീതിയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അത് കൊണ്ടുതന്നെ മഴ മാത്രമായിരുന്നു ആശ്രയം.
ജ്യോതിഷ പ്രകാരവും ഏറ്റവും നല്ല ദിവസമാണ് മേടം പത്ത്. മുഹൂർത്തം ലഭിക്കാതെ മാറ്റി വെച്ച ഏതെങ്കിലും നല്ല കാര്യമുണ്ടെങ്കിൽ അത് തുടങ്ങാൻ ഏറ്റവും ഉചിതമായ ദിവസം പത്താമുദയമാണെന്ന് സങ്കല്പമുണ്ട്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും പത്താമുദയത്തിനു പ്രത്യേക പൂജകൾ ഉണ്ട് .മേടം ഒന്നിന് കൊടിയേറി പത്താമുദയ ദിവസം കൊടിയിറങ്ങുന്ന രീതിയിൽ ഉത്സവ വിധാനം ചിട്ടപ്പെടുത്തിയ നിരവധി ക്ഷേത്രങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക