തിരുവനന്തപുരം: ട്രെയിനിൽ വനിതാ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. യാത്രക്കാരനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയിൽ കൊല്ലം സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം.
വനിത കമ്പാർട്ട്മെന്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന യാത്രക്കാരൻ വനിത ടിടിഇയുമായി തർക്കിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ടിടിഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ ശ്രമിച്ചു. തുടർന്ന് കായംകുളത്ത് വച്ച് ആർപിഎഫ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കൊല്ലത്തെക്ക് കൊണ്ടുപോയി.
ടിടിഇയെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്. ടിടിഇയായ വിനോദ് കണ്ണനാണ് ഈ മാസം ആദ്യം തൃശൂരിൽ വച്ച് കൊല്ലപ്പെടുന്നത്. മുളങ്കുന്നത്തുകാവ് സ്റ്റേഷന് സമീപം വെളപ്പായയിൽ വച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 22643 എറണാകുളം പട്ന സൂപ്പർ ഫാസ്റ്റിൽ എസ് 11 കോച്ചിൽ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക