റെയിൽവേയിൽ ഉയർന്ന ശമ്പളത്തോട് ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് അവസരം ഒരുക്കുകയാണ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് തിരുവനന്തപുരം ഉൾപ്പെടെയുള്ള 21 ആർ ആർ ബികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 4208 കോൺസ്റ്റബിൾ ഒഴിവുകളും 452 സബ് ഇൻസ്പെക്ടർ ഒഴിവുകളും അടക്കം ആകെ 4660 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുജിസി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം യോഗ്യതയുള്ളവർക്ക് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
പത്താം ക്ലാസ് വിജയിക്കുകയോ അംഗീകൃത ബോർഡിൽ നിന്നും തത്തുല്യ യോഗ്യത നേടിയവർക്കും കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 2024 ജൂലൈ 1 പ്രകാരം പ്രായപരിധി 20 മുതൽ 28 വയസ്സ് വരെയാണ്. 2024 ജൂലൈ 1 പ്രകാരം 18 മുതൽ 28 വയസ്സുവരെ പ്രായപരിധിയുള്ളവർക്കാണ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക ക്ഷമത പരിശോധന, ശാരീരിക അളവുകളുടെ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക. മെയ് 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനായി ജനറൽ വിഭാഗത്തിലുള്ളവർക്ക് 500 രൂപയും എസ് സി/ എസ് ടി, വിമുക്തഭടൻ, സ്ത്രീ, ന്യൂനപക്ഷം/ സാമ്പത്തിക പിന്നോക്ക വിഭാഗം എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് 250 രൂപയുമാണ് അപേക്ഷ ഫീസായി ഇടാക്കുക.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ പരിശോധനയ്ക്ക് ശേഷം ബാങ്ക് ചാർജുകൾ ഈടാക്കി ഇരുവിഭാഗങ്ങൾക്കും ഈ തുക തിരിച്ച് നൽകുകയും ചെയ്യും. rpf.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക