ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ മിക്ക ചലച്ചിത്ര താരങ്ങളും വോട്ട് ചെയ്യാനെത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി. രാവിലെ 7 മണിയോടെ ആരംഭിച്ച വോട്ടെടുപ്പില്‍ പ്രമുഖരായ പല താരങ്ങളും വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂള്‍ പോളിങ് ബൂത്തിലാണ് നടന് കുഞ്ചാക്കോ ബോബന് വോട്ട് ചെയ്തത്. ഏറെ നാളിന് ശേഷമാണ് താന്‍ വോട്ട് ചെയ്യുന്നതെന്നും വികസനത്തിന് വേണ്ടി നിലകൊള്ളുന്നവർക്കാണ് താന്‍ വോട്ടു ചെയ്തതെന്നും നടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
നടനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ആസിഫലി അലി തൊടുപുഴയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ആരെങ്കിലും ചൂട് മൂലമോ മടി മൂലമോ വോട്ട് ചെയ്യാന്‍ മടിച്ചിരിക്കുന്നുണ്ടെങ്കില് തങ്ങളെപ്പോലുള്ളവര്‍ അത്തരക്കാര്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് ആസിഫ് അലി പ്രതികരിച്ചത്.
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് കുടുംബസമേതം കൊച്ചിയിലെത്തിയാണ് വോട്ട് ചെയ്തത്. അടിസ്ഥാനപരമായി ഞാന്‍ ജനാധിപത്യത്തിന് എതിരാണ്. സുരേഷ് ഗോപിയെ വ്യക്തിപരമായി എനിക്ക് ഇഷ്ടമാണ്. പക്ഷെ, അയാളുടെ പാര്‍ട്ടിയോട് എനിക്ക് താല്പര്യമില്ലെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
താരവോട്ടുകളാല് സമ്പന്നമായിരുന്നു പോളിങ് ബൂത്തുകള്‍. സംവിധായകന് ആഷിഖ് അബുവും നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും തൃക്കാക്കര കൊച്ചിന് പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഇരുവരും ഒരുമിച്ചെത്തിയാണ് വോട്ട് ചെയ്തത്. ചെറുത്തുനില്‍പ്പിന്റെ തിരഞ്ഞെടുപ്പാണിതെന്ന് ആഷിഖ് അബു പ്രതികരിച്ചു.
നടൻ ഇന്ദ്രൻസും വോട്ട് രേഖപ്പെടുത്തി. ഷൂട്ടിങ് സെറ്റില്‍ നിന്നാണ് ഇന്ദ്രൻസ് വോട്ട് ചെയ്യാനെത്തിയത്. ജനാധിപത്യം ഉറച്ച് നിൽക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഇന്ദ്രൻസ് പറഞ്ഞു. നടനും കൊല്ലം ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണ കുമാർ വോട്ട് ചെയ്യാൻ കുടുംബ സമ്മേതം എത്തിയിരുന്നു.
ഒറ്റപ്പാലം പോളിംഗ് ബൂത്തിലെത്തിയാണ് നടൻ നടൻ ഉണ്ണി മുകുന്ദൻ. വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗിന് ശേഷം സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേർന്നാണ് താരം മടങ്ങിയത്.
സംവിധായകൻ ഫാസിലും, നടൻ ഫഹദ് ഫാസിലും വോട്ട് രേഖപ്പെടുത്താനെത്തി. എല്ലാവരും വോട്ട് ചെയ്യൂ എന്നായിരുന്നു നടൻ ഫഹദ് ഫാസിലിന്റെ പ്രതികരണം. വോട്ട് ഓരോ പൗരന്റെയും അവകാശമാണെന്നും നടൻ പറഞ്ഞു.
നടൻ ടിനി ടോം ആലുവ തായിക്കാട്ടുകര എസ്. പി. ഡബ്ല്യു എൽ.പി.എസിൽ രാവിലെ വോട്ട് രേഖപ്പെടുത്തി. അതേസമയം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളില്‍ നടന് മമ്മൂട്ടി വോട്ട് ചെയ്തു. താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന് പോളിങ് ബൂത്തിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക