മാര്‍ച്ച് 15 ന് തിയറ്ററുകളിലെത്തിയ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ‘അഞ്ചക്കള്ളകോക്കാൻ’ എന്ന ചിത്രത്തിലെ നാടൻ പാട്ടിന്റെ വീഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ. ‘മാനേ മരുതകമേ’ എന്ന നടൻ പാട്ട് സിനിമയിൽ ആലപിച്ചിരിക്കുന്നത് പരമ്പരാഗത നാടൻപാട്ടു കലാകാരന്മാരാണ്. നടൻ മണികണ്ഠൻ ആചാരിയാണ് ഗാനരംഗത്ത് പ്രത്യേക്ഷപ്പെടുന്നത്.
മുതിർന്ന നാടൻപാട്ടു കലാകാരനായ ചന്ദ്രൻ ആണ് സിനിമയ്ക്കു വേണ്ടി ‘മാനേ മരുതകമേ’ ആലപിച്ചിരിക്കുന്നത്. ചന്ദ്രനൊപ്പം കൊച്ചുബാലൻ, ഉഷ, വിശാലം, സുധ. സുനിത, ഇന്ദിര, മണികണ്ഠൻ അയ്യപ്പ എന്നിവരും ഈ ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്. തടത്തിൽ അപ്പു ആശാൻ, നന്ദകുമാർ കഴിമ്പ്രം എന്നിവർ ചേർന്നാണ് വരികളൊരുക്കിയത്. ഈ സിനിമയ്ക്കു വേണ്ടി മണികണ്ഠൻ ഒരുക്കിയ തുമ്പി പാട്ട് വൈറലായിരുന്നു.
ചെമ്പന്‍ വിനോദും ലുക്മാന് അവറാനും പ്രധാന വേഷത്തില്‍ അണിനിരക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. കേരള – കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷന് കേന്ദ്രമാക്കിയാണ് ചിത്രം കഥ പറയുന്നത്. പൊറാട്ട് എന്ന കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ അരങ്ങേറുന്നത്.
ജല്ലിക്കട്ട്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ചുരുളി, സുലൈഖ മന്‍സില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍.
മണികണ്ഠന് ആര് ആചാരി, മേഘ തോമസ്, മെറിന് മേരി ഫിലിപ്പ്, സെന്തില്‍ കൃഷ്ണ, ശ്രീജിത്ത് രവി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി സിനിമയില്‍ അണിനിരക്കുന്നു. ചെമ്പന്‍ വിനോദിന്റെ സഹോദരന് ഉല്ലാസ് ചെമ്പന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക