ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടോവിനോ നായകനാകുന്ന ചിത്രമാണ് നടികർ. താരജീവിതവും പിന്നണിയിലെ കാണാക്കാഴ്ചകളുമായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. പ്രദർശനത്തിനെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നടികർ. ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിത്രം. റിലീസിന് മുന്നോടിയായി ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു.
ഭാവന നായികയായി എത്തുന്ന ചിത്രത്തിൽ വ്യത്യസ്ത വേഷ പകർച്ചകളിലാണ് ടോവിനോ എത്തുന്നത്. ചിത്രത്തിൽ ബാല എന്ന സുപ്രധാന കഥാപാത്രമായി സൗബിൻ ഷാഹിറും പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യമായി നടൻ ടോവിനോ തോമസും സൗബിനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘നടികർ’ എന്ന ചിത്രത്തിനുണ്ട്. അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ് സ്പീഡ് നിർമ്മിക്കുന്ന ചിത്രം ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിനുശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യർനേനിയും വൈ രവിശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ടോവിനോ തോമസ്, സൗബിൻ ഷാഹിർ, ഭാവന തുടങ്ങിയവരെ കൂടാതെ അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലീം, മണിക്കുട്ടൻ മേജർ രവി, മൂർ, സുമിത്ത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്തു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബുസലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്ത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിബിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാല പാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക