ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിച്ച മലയാളി താരം സഞ്ജു സാംസണ് ആശംസകൾ അറിയിച്ച് നടൻ ബിജു മേനോൻ. 5 അംഗ ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു സ്ഥാനമുറപ്പിച്ചത്. ഇതിന് ശേഷം നിരവധി പേരാണ് സഞ്ജുവിന് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തുന്നത്.
സഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ചിത്രം പങ്കുവെച്ചാണ് ബിജു മേനോൻ അഭിനന്ദനം അറിയിച്ചത്. ‘അഭിമാനവും സന്തോഷവും സുഹൃത്തേ, ഇനിയും മുന്നേറൂ’, എന്ന അടിക്കുറിപ്പോടെയാണ് ബിജു മേനോൻ ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തത്.
ഐപിഎല്ലിൽ കാഴ്ച വെക്കുന്ന മിന്നും പ്രകടനമാണ് സഞ്ജുവിന്റെ ലോകകപ്പ് ടീം പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ഇതിനു പിന്നാലെയുള്ള സഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റും വൈറലായിരുന്നു. ‘വിയർപ്പുതുന്നിയിട്ട കുപ്പായം ഇൻ ബ്ലൂ’, എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു.
ഇന്നലെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചത്. 15 അംഗ ടീമില്‍ സഞ്ജുവും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. സുനില്‍ വത്സന്, എസ് ശ്രീശാന്ത് എന്നിവര്‍ക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരം കൂടിയാണ് സഞ്ജു. താരത്തിന്റെ ആദ്യ ലോകകപ്പാണിത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയ സഞ്ജുവിന് ആശംസകളറിയിച്ച് ഒരുപാട് പേരാണ് രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക