എറിക് പതിവു പോലെ ഓഫീസില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്കു പോവുകയായിരുന്നു. മഴ പെയ്തതിനാല്‍ വെള്ളം റോഡില്‍ പലയിടത്തും തളംകെട്ടി നിന്നിരുന്നു.അപ്രതീക്ഷിതമായി റോഡിലെ ഒരു കുഴിയില്‍ എറിക്ക് വീണു. മുഖം കോണ്‍ക്രീറ്റില്‍ പോയിടിച്ചു. ആകെ തരിച്ചു പോയതിനാല്‍ വേദന അറിയാതിരുന്നതോടെ എത്രത്തോളം പരിക്കുപറ്റിയെന്ന് എറിക്കിന് തിരിച്ചറിയാനായില്ല.കുറച്ചു ദൂരം മാത്രം അകലെയുള്ള വീട്ടിലേക്ക് സൈക്കിള്‍ അവിടെ തന്നെ പാര്‍ക്കു ചെയ്ത് എറിക് നടന്നു
വീട്ടില്‍ കുളിമുറിയിലെ കണ്ണാടിക്കു മുമ്പില്‍ ചെന്ന് മുറിവു വൃത്തിയാക്കാന്‍ നോക്കിയപ്പോഴാണ് മുഖമാകെ രക്തം തളംകെട്ടിയ നിലയിലാണെന്ന് തിരിച്ചറിഞ്ഞത്. പിന്നത്തെ ശ്രമം മുഖം കഴുകി വൃത്തിയാക്കാനായി. അപ്പോഴേക്കും മൂക്കില്‍ രക്തം നിറഞ്ഞ് കട്ടയായി പുറത്തേക്കുവന്നിരുന്നു. പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും എറിക്ക് തലചുറ്റി വീഴുകയായിരുന്നു.
പിന്നീട് എറിക് എഴുന്നേല്‍ക്കുന്നത് ആപ്പിള്‍ വാച്ചില്‍ നിന്നും 911 കോള്‍ കേട്ടാണ്. 911 ഓപറേറ്റര്‍ അപകടവിവരങ്ങള്‍ ചോദിച്ചറിയുകയും വൈദ്യസഹായം ഉറപ്പിക്കുകയും ചെയ്തു. നേരത്തെ വീണപ്പോള്‍ ആപ്പിള്‍ വാച്ച് ടബിന്റെ വശത്ത് തട്ടിയിരുന്നു. ഇതോടെ ആപ്പിള്‍ വാച്ചിലെ സുരക്ഷാ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയും 911ലേക്ക് കോള്‍ ചെയ്യുകയുമായിരുന്നു. മാത്രമല്ല ഫോണിലെ അടിയന്തര കോണ്ടാക്ടുകളെ അപകട വിവരം അറിയിക്കുകയും എറിക്കിന്റെ ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും ചെയ്തു.
സമയത്തുള്ള ആപ്പിള്‍ വാച്ചിന്റെ ഇടപെടലില്‍ എറിക്ക് ഏറെ സന്തോഷവാനാണ്.ചോര നിറഞ്ഞു കിടന്ന കുളിമുറിയോ മുഖത്തെ പരിക്കുകളോ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാന്‍ എറിക് തയ്യാറായില്ല. മറിച്ച് തന്റെ ആപ്പിള്‍ വാച്ചിനേയും പരിക്കുഭേദമായ മുഖവുമാണ് അദ്ദേഹം പങ്കുവെച്ചത്. ബോധം കെട്ടുവീണു പോയപ്പോള്‍ ആപ്പിള്‍ വാച്ച് 911ലേക്കു വിളിച്ചില്ലെങ്കില്‍ എന്തു ഉണ്ടാകുമായിരുന്നു എന്ന് ആലോചിക്കാൻ പോലും കഴിയുന്നില്ല എന്നാണ് എറിക് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക