പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കുവക്കുന്നത്. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്.
‘കുറിച്ച തീയതിയ്ക്ക് ഒരു മാറ്റവുമില്ല എന്നാണ് പോസ്റ്ററിലുള്ളത്’. ‘ഭയം വേണ്ട ജാഗ്രത മതി’ എന്ന് കുറിച്ചുകൊണ്ടാണ് താരം പോസ്റ്റർ പങ്കുവച്ചത്. ഒരു കല്യാണം നടത്തുന്നതിനിടെയിലുള്ള കോലാഹലങ്ങളാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നത്. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാനാണ് സംഘത്തിന്റെ വരവെന്ന് മുമ്പ് പുറത്തുവന്ന ടീസറുൾപ്പെടെയുള്ള അപ്ഡേഷനിൽ നിന്ന് വ്യക്തമാണ്.
അനശ്വര രാജൻ, ബേസിൽ, പൃഥ്വിരാജ്, നിഖില വിമൽ എന്നിവരാണ് പോസ്റ്ററിലുള്ളത്. മെയ് 16-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’.
തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക