ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തി വന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. സാധാരണ നിലയിൽ ഡ്രൈവിംഗ് ടെസ്റ്റ് തിങ്കളാഴ്ച മുതൽ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡ്രൈവിംഗ് സ്കൂളുകൾ നടത്തി വന്ന അനിശ്ചിത കാല സമരം പിൻവലിച്ചതിനെത്തുടർന്നാണ് തിങ്കളാഴ്ച മുതൽ ടെസ്റ്റ് സാധാരണ നിലയിൽ നടത്തുന്നതിന് തീരുമാനമായത്. മെയ് 23 ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഗതാഗതമന്ത്രി ഗണേഷ് കുമാറുമായി വിഷയത്തിൽ ചർച്ച നടത്തും.
23 ന് നടത്തുന്ന ചർച്ച പരാജയപ്പെടുകയാണെങ്കിൽ അനിശ്ചിതകാല സമരം വീണ്ടും ആരംഭിക്കാനാണ് കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചിട്ടുള്ളത്. ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ ധരിപ്പിക്കുന്നതിനായി സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണനും സെക്രട്ടറി സി കെ ഹരികൃഷ്ണനും ഗതാഗത മന്ത്രിയെ സന്ദർശിച്ചിരുന്നു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുമായി ഡ്രൈവിംഗ് സ്കൂൾ യൂണിയൻ പ്രതിനിധികൾ കഴിഞ്ഞ വെള്ളിയാഴ്ച ചർച്ച നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക