എറണാകുളം: സംസ്ഥാനത്തുടനീളം അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകി. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ 5 ജില്ലകളിലും യെല്ലോ യെല്ലോ മുന്നറിയിപ്പ് നൽകി.
വേനൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിർേദശം. ഇന്നലെ രാത്രി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
അതേസമയം, ഇടയ്ക്ക് പെയ്യുന്ന മഴയില്‍ ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും കൊടും ചൂടിന്റെ കാഠിന്യം വലിയ രീതിയില്‍ കുറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പകൽ സമയത്ത് കനത്ത ചൂട് തുടരുകയാണ്.
ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക