2024 ലെ കുടുംബശ്രീ സംസ്ഥാന കലോത്സവം കാസർകോട് ജില്ലയിലെ പിലിക്കോട് നടക്കും. ‘അരങ്ങ് 2024’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം ജൂൺ ഏഴു മുതൽ 9 വരെ മൂന്ന് ദിവസങ്ങളിലായാണ് നടക്കുക. സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി നടത്തപ്പെടാറുള്ള എ ഡി എസ്, സി ഡി എസ് തല കലോത്സവങ്ങൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.
മെയ് 22 നകം ബ്ലോക്ക് തല മത്സരവും മെയ് 29 നകം ജില്ലാ തല മത്സരങ്ങളും പൂർത്തിയാക്കും. തുടർച്ചയായി കഴിഞ്ഞ നാല് വർഷക്കാലവും സംസ്ഥാന ചാമ്പ്യന്മാരായി മാറിയത് കാസർകോട് ജില്ലയാണ്. 16 വ്യക്തിഗത സ്റ്റേജിതര ഇനങ്ങളും ഗ്രൂപ്പിനങ്ങളടക്കം 33 സ്റ്റേജിനങ്ങളിലുമാണ് മത്സരം നടക്കുന്നത്. സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി കാലിക്കടവ് കാരക്ക കാവ് ഓഡിറ്റോറിയത്തിൽ വച്ച് സംഘാടക സമിതി രൂപീകരണ യോഗം മെയ് 13ന് പകൽ 3 മണിക്ക് നടക്കും.
‘പലമയുടെ ഒരുമ’ എന്ന ആശയത്തോടെ സംഘടിപ്പിച്ച 2023 ലെ അരങ്ങ് സംസ്ഥാന കലോത്സവത്തിൽ 172 പോയിന്റോടെ കാസർഗോഡ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 136 പോയിന്റുമായി കോഴിക്കോട് ജില്ലയായിരുന്നു രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക