ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിന്. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിനെ പത്മപ്രഭാ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. പത്മപ്രഭ ട്രസ്റ്റ് ഏർപ്പെടുത്തിയ പത്മപ്രഭാ പുരസ്കാരം പത്മരാഗ കല്ല് പതിച്ച ഫലകവും 75,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.
പത്മപ്രഭാ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാര നിർണയത്തിന്റെ ജൂറിയിൽ എൻ എസ് മാധവൻ, കൽപ്പറ്റ നാരായണൻ, എസ് ശാരദ കുട്ടി എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്. തൃശ്ശൂർ ജില്ലയിലെ അക്കിക്കാവ് സ്വദേശിയായ റഫീഖ് അഹമ്മദ് നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ കവിതകൾ, കടൽ കാഴ്ച, റഫീക്ക് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങൾ, അഴുക്കില്ലം (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ.
കവിതയിലും സിനിമാഗാനങ്ങളിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം കാവ്യരംഗത്തും ചലച്ചിത്ര ഗാനരംഗത്തും ഇപ്പോഴും സജീവമായി തുടരുന്ന വ്യക്തിയാണ്. കാവ്യ മേഖലയ്ക്കും ചലച്ചിത്ര മേഖലയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, പി കുഞ്ഞിരാമൻ നായർ പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം, ഒളപ്പമണ്ണ പുരസ്കാരം, ആറുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക