തല അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം നിർവഹിക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഒരേ ഗെറ്റപ്പിലുള്ള അജിത്തിന്റെ മൂന്ന് ചിത്രങ്ങളാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ 2025 പൊങ്കലിന് റിലീസ് ചെയ്യും.
പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സാണ് ‘ഗുഡ് ബാഡ് അഗ്ലി’ നിർമ്മിക്കുന്നത്. സിനിമയിലേക്ക് ബോളിവുഡ് താരങ്ങളായ ബോബി ഡിയോളും ജോൺ എബ്രഹാമും പരിഗണയിലുള്ളതായി വിവരമുണ്ട്. ചിത്രത്തിന് സംഗീതം പകരുന്നത് ദേവിശ്രീ പ്രസാദ് ആണ്. അഭിനന്ദന് രാമാനുജമാണ് ഛായാഗ്രഹണം ചെയ്യുന്നത്. എഡിറ്റര്‍ വിജയ് വേലുക്കുട്ടിയാണ്.
മലയാളത്തില്‍ ആമേന്‍, ബ്രോഡാഡി ഉൾപ്പടെയുള്ള സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദനായിരുന്നു ആദിക് രവിചന്ദ്രന്റെ കഴിഞ്ഞ സിനിമയായ മാര്‍ക്ക് ആന്റണിയുടെയും ഛായാഗ്രഹണം. അജിത്ത് കുമാറിന്റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.
അതേസമയം വിടാമുയര്‍ച്ചിയെന്ന ചിത്രവും അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നു. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവർ മാറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക